Thursday, November 26, 2009

ജലസന്ധി




ഞാന്‍ അപ്പുറം
നീ ഇപ്പുറം
നമുക്ക് മദ്ധ്യേ ആരുടെ 
ചരിത്രവും വഹിച്ചാണ്
ഈ പുഴ ഒഴുകുന്നത്

ഓരോരുത്തരിലും 
ഓരോ പുഴയുണ്ടെന്നു
 നീ പറയുന്നു
എന്റെ പുഴ മരിച്ചു പോയ
അമ്മയാണെന്ന് ഞാന്‍ പറയും

പുഴ നെഞ്ഞിലങ്ങോളമിങ്ങോളം
കിനാപാത താണ്ടും 
കുഞ്ഞു മല്സ്യങ്ങലാരുടെ 
ഭുതകാലത്തിന്റെ ചുണ്ടയിലാണ് 
കൊത്തുന്നത്?

പക്ഷിച്ചിറകുകള്‍
കാറ്റിനെ  മുറിച്ചു കടന്നു  
സ്വപ്നങ്ങളുടെ മുട്ടകള്‍ക്കുമേല്‍ 
അടയിരിക്കുന്നു

പുഴ വെറും പുഴയാനെന്നും
നാം ഉണക്കമരങ്ങളനെന്നും 
എനിക്കിപ്പോള്‍ തോന്നുന്നു

അരുത്, അങ്ങനെ പറയരുത്

ജീവന്റെ വിത്ത് മുളച്ചു 
പൊങ്ങിയത് പുഴഗര്‍ഭത്തിലാണ്

നോക്കു, നീന്തലറിയില്ലല്ലോ
ഈ പുഴ മുറിച്ചു ഞാനെങ്ങനെ 
നിന്നരികിലെത്തും

എന്ത്, നിനക്കും
 നീന്തലറിയില്ലെന്നോ? 

എങ്കിലും നീ 
പുഴ പടര്‍ന്നു ജലം പിളര്‍ന്നു 
എനിക്കൊരു ആലിംഗനം തരു 

ഞാനെന്റെ വേര് 
നിന്നില്‍ പടര്‍ത്തി 
ശിശിരത്തില്‍ ഇലയായ് പൊഴിയട്ടെ 

ഒരിക്കല്‍ 
കരിയിലകള്‍ കത്തിച്ചു 
തണുപ്പ് മറക്കുന്ന വഴിപോക്കര്‍
നമ്മുടെ ചരിത്രം പറഞ്ഞു തുടങ്ങും 




 




 






Wednesday, November 18, 2009

റീത്ത്

ജനലിനപ്പുറം
ആകാശത്ത് തെളിയുന്നത്
കലാപത്തിൽ
മരിച്ചവരുടെ മുഖങ്ങളാണ്

ഇറയത്ത്
മഴയായ് തുള്ളുന്നത്
പൂർത്തീകരിക്കപ്പെടാതെ പോയ
അവരുടെ സ്വപ്നങ്ങളാണ്

ഞാൻ
കുരിശുകാലത്തിന്റെ
മാപ്പുസാക്ഷി
കൈകൾ ഛേദിക്കപ്പെട്ട
പെണ്ണിന്റെ ദുഖം
എന്നെ സദാ പിന്തുടരുന്നു.

നിലവിളികളില്ലാത്ത ഒരു രാത്രിയും
ചോര മണക്കാത്ത തെരുവുകളും
ഞാൻ കിനാവു കാണുന്നു

ഓരോ ദുരന്തം കേൾക്കുമ്പോഴും
ജീവിതം മരണത്തേക്കാൾ
ഭയാനകമെന്ന്
അമ്മ പറയും
പെങ്ങൾക്ക്, ചെടികൾക്ക്
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ
പേരുകൾ നൽകും.

കുന്തിരിക്കം പുകയുന്ന
അവരുടെ സ്വപ്നങ്ങൾക്കിടയിൽ
വാറു പൊട്ടിയ ചെരിപ്പായി
ഞാനിരിക്കും.

പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു.