Wednesday, September 30, 2009

കല്ല്യാണസൗഗന്ധികം





പൂവിതളുകള്
തപാലില്അയച്ചുതരുന്ന
ഒരു കൂട്ടുകാരിയുണ്ട്
എനിക്ക്.


ചെമ്പരത്തി,റോസ്,മുല്ല
നാലുമണിപ്പൂ എന്നുവേണ്ട
പേരറിയാത്ത
ഓരോ പൂക്കളുടെയും
ഇതലുകള്
ഓരോ എഴുത്തിലും
അവള്അടക്കം ചെയ്യും                               


ഒരു സര്ജന്റെ ശ്രദ്ധയോടെ 
കവര്തുറന്ന് 
ഇതലുകള്ഞാന്
പുറത്തെടുക്കും


ഓരോ ഇതളുകളും
അടര്ത്തിയെടുക്കുമ്പോള്
ചെടി എത്ര നിലവിളിച്ചിട്ടുണ്ടാകും
ഓരോ സീലും 
പതിക്കുമ്പോള്
ഇതള്എത്ര വേദനിച്ചിട്ടുണ്ടാകും
ഞാനവളോട് പലവട്ടം
ചോദിച്ചിട്ടുണ്ട്.


അവളുടെ 
എഴുത്തിലെല്ലാം
പൂവിതളിന്റെ ഛായ
പതിഞ്ഞിരിക്കും


വാടിപ്പോയ ഇതളുകളിള്
അവളുടെ പേരെഴുതി ഞാന്
ഉറുമ്പുകള്പോകുന്ന
വഴിയിലിടും


ഉറുമ്പുകള്
അവ വഹിച്ച് അവളുടെ
അരികിലെത്തിയിട്ടുണ്ടാവുമോ
പോകുന്ന വഴിയില്
അവയെ ആരെങ്കിലും
ചവിട്ടിയരച്ചിട്ടുണ്ടാകുമോ?


Monday, September 28, 2009

വാഗ്ദത്തഭൂമിയിലെ കാവല്‍ക്കാരാ...

വാഗ്ദത്ത ഭൂമിയിലെ കാവല്‍ക്കാരാ
നിനക്കു മുന്നില്‍ കടല്‍ കത്തുന്നൂ
അയവയങ്ങള്‍ നഷ്ടപ്പെട്ട മരങ്ങള്‍
പലായനം ചെയ്യുന്നു
ആകാശം അതിന്റെ പട്ടടയില്‍ നിന്ന്
നക്ഷത്രങ്ങളെ ദൂരേക്കെറിയുന്നു
രക്തഗന്ധം പൊതിഞ്ഞ ഇളം കാറ്റ്
നിന്നെ വട്ടം പിടിക്കുന്നു.
കുഞ്ഞുങ്ങളുടെ ശവഘോഷയാത്രയെ
മേഘങ്ങള്‍ അനുഗമിക്കുന്നു
ഭ്രാന്തിയായ ഒരു പെണ്‍കുട്ടി
തെരുവിലൂടെ കത്തിയുമായി ഓടുന്നു
അവളുടെ അടിവസ്ത്രത്തില്‍ നിന്ന്
രേതസ് പുഴുക്കളായി ഇഴഞ്ഞിറങ്ങുന്നു
നിനക്കു ചുറ്റും
കൊടികള്‍ മാത്രം ഉയര്‍ന്നു നില്‍ക്കുന്നു
നീ അതിലേക്ക് കാര്‍ക്കിച്ചു തുപ്പുന്നു

രണ്ട്

ഇപ്പോള്‍
കുഞ്ഞുങ്ങള്‍ കോരിയിട്ട
പൂമ്പാറ്റച്ചിറകുകള്‍
നിനക്ക് തണല്‍ വിരിക്കുന്നു
നിന്നില്‍ നിന്നും പിണങ്ങിപ്പോയ വാക്കുകള്‍
നിനക്ക് കൂട്ടുനില്‍ക്കുന്നു
മരിച്ചു പോയവരുടെ കിനാവുകള്‍
ഉറങ്ങാത്ത രാത്രികളെ താരാട്ടുപാട്ടുന്നു
പ്രണയിനികള്‍ ഉപേക്ഷിച്ച പൂവുകള്‍
നിനക്ക് കഥപറഞ്ഞുതരുന്നു
നിന്റെ കാലിലേക്ക് ആരോ ഒരു മഞ്ഞുതുള്ളി
എറിയുന്നു.
നീയതിനെ മൂത്രം കൊണ്ട് കഴുകുന്നു

മൂന്ന്

കറുത്ത തെരുവുകള്‍
കറുത്ത മനുഷ്യര്‍
കറുത്ത മഴ

വാഗ്ദത്ത ഭൂമിയിലെ കാവല്‍ക്കാരാ
ഇതെന്റെ ഭൂമി
ഇതെന്റെ ആകാശം
ഇതെന്റെ കടല്‍
ഞാന്‍ നിന്നെ
ഒരൊറ്റച്ചവിട്ടിന് പുറത്താക്കുന്നു

ഇനി
നിനക്ക് ഏതുദൈവം
പതിച്ചുതരും ഒരു കാനാന്‍ദേശം
നിനക്കല്ലെങ്കില്‍
നിന്റെ പൂത്രന്‍മാര്‍ക്കെങ്കിലും?

Saturday, September 19, 2009

അത്

പുഴക്കരയിലൂടെ ഒറ്റക്കു
നടക്കുമ്പോൾ
ഉള്ളിൽ നിന്നെന്തോ
വെള്ളത്തിലേക്കു തെറിച്ചല്ലോ
എന്തെന്നു തിരിച്ചറിയും മുൻപേ
കുമിളകൾ മാത്രം ബാക്കിയാക്കി
അതെവിടെപ്പോയ്

കുതിച്ചു പായുന്നു
മീനുകൾ പിന്നാലെ
പുഴ ഓർമകൾ പോൽ
ഒഴുകി മറിയുന്നു.

ഏതെങ്കിലും ചൂണ്ടയിൽ,
വെള്ളത്തിൽ പിടയ്ക്കും
നിലാവിന്നുടലിൽ
അതു പറ്റിപ്പിടിച്ചിരിക്കുമോ?

പുഴയൊഴുകി കടലിൽ ചേരും
വീണു പോയ എന്തോ ഒന്നിനെ
ചിലപ്പോൾ മീൻ തിന്നും
അല്ലെങ്കിൽ കരയ്ക്കടിയും

വലയിൽ കുടുങ്ങിയ മീനിനെ
പെൺകുട്ടി മുറിക്കുമ്പോൾ,
മണൽ‌പ്പരപ്പിലൂടെ മറ്റൊരുവൾ
സ്വപ്നവുമായി നടക്കുമ്പോൾ
അവർക്കു കിട്ടുമായിരിക്കും
ആ എന്തോ ഒന്ന്

അവരതിനെ കൈയിലെടുത്തൊന്നു
നോക്കിയാൽ മതി
ഞാനൊരു നക്ഷത്രമായി
ഉദിച്ചുയരുവാൻ.