Friday, October 9, 2009

ഞായറാഴ്‌ചകളില്‍ ദൈവം



ഞായറാഴ്‌ചകളില്‍
ഇത്തിരി കളള്‌ കുടിക്കാന്‍
ദൈവം എന്നോടൊപ്പം വരും
കപ്പയും
മത്തി മുളകിട്ടതും കൂട്ടി
പുളിച്ച കളള്‌
ഇച്ചിരി ഇച്ചിരി നുണച്ചിരിക്കും.
പുളിന്തേക്കിടും
ഷാപ്പില്‍
ചന്തിതേഞ്ഞ
ബെഞ്ചിലിരിപ്പുറക്കാത്ത
ആള്‍ക്കൂട്ടം
മടമ്പുകള്‍ പൊക്കി
കൈമുട്ടി
ചരിത്രം മുഴുവന്‍ ഛര്‍ദ്ദിക്കും.
ഒരു ദിവസമെങ്കിലും
മനസ്സമാധാനമുണ്ടായിരുന്നെങ്കില്

കുടിക്കില്ലായിരുന്നുവെന്ന്‌
ആണയിടും
ദൈവത്തോട്‌ പുഞ്ചിരിക്കും
പോടാ പുല്ലേ എന്ന്‌ പറയും.
ദൈവം
കണ്ണിറുക്കി
മജീദേ
രാഘവാ
ഫ്രാന്‍സിസേ
ഓരോരുത്തരെയും
പേരു ചൊല്ലി വിളിക്കും.
ചിലര്‍ ദൈവത്തോട്‌
മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ അവസ്ഥയെന്താവും
സ്ത്രീ സംവരണ ബില്‍ കൊണ്ടുവരുമോ
ഒമാബ ആള്‌ കൊള്ളാമല്ലോ
എന്നൊക്കെ വിശേഷം പറയും.
കളള്‌ പതയും
ഓരോരുത്തരും
ദൈവം തന്റെതാണെന്ന്‌ വാദിക്കും
വയസ്സന്‍ ഇരുട്ടിന്റെ
ഊന്നുവടിയോടൊത്ത്‌
ദൈവം
ഷാപ്പിന്റെ പുറത്തു കടക്കും
ആടിയായി പോകുന്ന ദൈവത്തെ
ബീറ്റു പോലീസുകാര്‍ പിടിച്ച്‌
ലോക്കപ്പിലിടും
പിറ്റേന്ന്‌ ഞാനൊറ്റയ്‌ക്ക്‌
കളളു കുടിക്കാനെത്തും
അവിടെയപ്പോള്‍
ഷാപ്പേ ഉണ്ടായിരിക്കില്ല.

3 comments:

അബ്ദുല്‍ സലാം said...

ഞായറാഴ്‌ചകളില്‍
ഇത്തിരി കളള്‌ കുടിക്കാന്‍
ദൈവം എന്നോടൊപ്പം വരും
കപ്പയും
മത്തി മുളകിട്ടതും കൂട്ടി
പുളിച്ച കളള്‌
ഇച്ചിരി ഇച്ചിരി നുണച്ചിരിക്കും.
പുളിന്തേക്കിടും

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

vaayikan budhimute unde..
line spacing shariyakumalo.

aashamsakal

J Binduraj said...

ചന്തിതേഞ്ഞ
ബെഞ്ചിലിരിപ്പുറക്കാത്ത
ആള്‍ക്കൂട്ടം
മടമ്പുകള്‍ പൊക്കി
കൈമുട്ടി
ചരിത്രം മുഴുവന്‍ ഛര്‍ദ്ദിക്കും.

Nalla prayogam--Chanthi tenja Bench!...

Nangalude nattil chanthiyillathavarkku parayarulla "Thembiya chanthi" eniyulla eethenkilum sristhti-kalil ulpeduthumennu karuthattee. :-)