Thursday, August 27, 2009

താജ്മഹല്‍

പ്രണയത്തെ അരിമണിയോളം
ചെറുതാക്കി
അക്വേറിയത്തിലെ
മീനുകള്‍ക്കിട്ടു കൊടുത്തു

പരസ്പരം ഉമ്മ വെക്കുന്ന മീനുകള്‍
കെട്ടിപ്പിടിക്കുന്ന മീനുകള്‍
ശയിക്കുന്ന മീനുകള്‍

ദൈവമേ
ഇനി
അവരുടെ പ്രണയലീലകള്‍ക്കിടെ
അക്വേറിയം പൊട്ടിത്തരുമൊ
അവരുടെ പ്രണയം കണ്ടു നില്‍ക്കുന്ന പൂച്ച
അക്വേറിയത്തിന്
താജ്മഹല്‍ എന്നു പേരിടുമോ?

Friday, August 14, 2009

സ്വാതന്ത്ര്യ പതാക

നിങ്ങള്‍ക്ക്
സ്വാതന്ത്ര്യം 364 ദിവസവും
ഞങ്ങളോ
ഒരു നക്ഷത്രം കാണുന്നതിനുപോലും
സ്വാതന്ത്ര്യമില്ലാത്തവര്‍
62 വര്‍ഷങ്ങളായി അടക്കിപ്പിടിച്ച
ഞങ്ങളുടെ അസ്വാതന്ത്ര്യത്തിന്റെ
മടക്കുകള്‍ ഏതു ഗാന്ധിക്കാണ്
നിവര്‍ത്താന്‍ പറ്റുക.

Saturday, August 8, 2009

പുഴകാണല്‍

പുഴ കാണുവാന്‍
നാം ഒരുമിച്ചു പോകുന്നു

നിറഞ്ഞ്
കവിഞ്ഞൊഴുകുന്ന പുഴ

പുഴയില്‍
ആകാശം കുത്തിയൊലിച്ചു പോകുന്നു

കാട്
വേരോടെ പറിഞ്ഞ് പോകുന്നു

വെയില്‍
പട്ട് പോല്‍ പൊങ്ങിക്കിടക്കുന്നു

നേറെമേറെക്കഴിഞ്ഞ്
പുഴയെന്ന സന്തോഷവുമായ്
നാം വീട്ടിലെത്തുന്നു

രാത്രിയില്‍
നെഞ്ചില്‍ മുഖമമര്‍ത്തി നീ
പതുക്കെ ചോദിക്കുന്നു

പുഴയെന്നാല്‍
ഒഴുകുന്ന ജലം മാത്രമോ?