Monday, October 26, 2009
തച്ചൻ
മരക്കഷണം ഉളിയോടു പറഞ്ഞു
നീ തലമുറയുടെ സൂക്ഷിപ്പുകാരൻ, വൃദ്ധൻ
ഉളി മരക്കഷണവുമായി പിണങ്ങി
തച്ചൻ ഉളിയെ പൊതിരെ തല്ലി
മരക്കഷണം അലറിക്കരഞ്ഞു
പെട്ടെന്ന് ഉളി മരക്കഷ്ണമുപേക്ഷിച്ച്
തച്ചനെ കൊത്തിത്തുടങ്ങി
Sunday, October 18, 2009
തീവണ്ടിയുടെ ഉപമ
ഒരു തീവണ്ടി പാളം തെറ്റുന്നതെങ്ങനെ?
കുട്ടികള്‍
കണ്ണോട് കണ്ണ് നട്ട്
ചെവികളില്‍
വേര് പടര്‍ത്തി
ഒരില വീഴുന്ന
നിശബ്ദത തിന്നു
ഓരോ തീവണ്ടിയും കാമത്താല്‍
അലറിപ്പായുന്ന
ഓരോ പെണ്‍കുട്ടിയാണ്
അവളുടെ ചുട്ടു പൊളളുന്ന
അവയവത്തിലാണ് നാം
മംഗലാപുരത്ത് നിന്ന്
തിരുവനന്തപുരത്തേക്കും
കൊച്ചിയില്‍ നിന്ന്
കോഴിക്കോട്ടേക്കും
അസ്വസ്ഥതകളുടെ
കാലു നീട്ടിയിരിക്കുന്നത്
നാമോരോ പെണ്‍കുട്ടിക്കും
ഓരോ പാളം പണിയുകയാണ്
അവരതിലൂടെ
ജീവിതത്തിന്റെ
മഹാസമുദ്രം
മുറിച്ച് കടക്കുമ്പോള്‍
ഉദരത്തിലൊരു പൂവിരിയലിന്റെ വേദന
കാമുകന്റെ കാലുമാറ്റം
അമ്മയുടെ രണ്ടാം കല്ല്യാണം
സ്ത്രീ വിമോചനം
വീടിന്റെ നരക ഞരക്കം
ചങ്ങലയ്ക്കിട്ട വെറുപ്പിന്റെ
നീല വെളിച്ചം കടന്ന്
അവള് പുതിയ പാളത്തിലേക്ക്
കാലെടുത്തു വെക്കുമ്പോള്‍
ഒരുറുമ്പ്
സമുദ്രം കുറുകെ കെട്ടിയ
കയറില്‍ മറുപുറമെത്തും പോലെ
എളുപ്പമല്ല
അവളുടെ പാളമാറ്റം
ഒരു തീവണ്ടി പാളം തെറ്റുന്നതങ്ങനെയാണ്
പറഞ്ഞുതീര്‍ന്നതും
കുട്ടികളെല്ലാം
തീവണ്ടികളായി കൂകിത്തുടങ്ങി
അധ്യാപകന് വലിയൊരു
പാളമായി നീണ്ടു നിവര്‍ന്നു
ക്ലാസുമുറി
അതിപുരാതന സ്റ്റേഷനെ
ഓര്‍മിപ്പിക്കും വിധം
യാത്രക്കാരാല്‍
നിറഞ്ഞു
Thursday, October 15, 2009
തലയണ
അവന്റെ
കത്തുന്ന വാക്കില്‍
പുറം തിരിഞ്ഞുള്ള
കിടപ്പില്‍
കുഞ്ഞുങ്ങളുടെ
കുഞ്ഞു പിണക്കത്തില്‍
ഒറ്റപ്പെടല്‍ ഒറ്റപ്പെടല്‍
എന്നു പറഞ്ഞ്
പുലരുവോളം തുടരുന്ന
അവളുടെ തോരാത്ത പെരുമഴ
തലയണയെ
ഭ്രാന്തു പിടിപ്പിച്ച
ഒരു രാത്രിയില്‍
തലയണയ്ക്ക്
കഠിനമായി ദേഷ്യം വന്നു
തലയണ
ഒറ്റച്ചവിട്ടിന്
അവളെ വാതിലിനു പുറത്താക്കി
പിന്നെ
പുറത്തു തണുത്തു
മരവിച്ചിരിക്കുന്ന
ഇണച്ചെരുപ്പുകളിലൊന്നിനെ
കോരിയെടുത്ത്
കണ്ണീരുവീണ്
ചാവുകടലായ് തീര്‍ന്ന
തന്റെ ഉടലിനോട്
ചേര്‍ത്തുവെച്ച്
ഉറങ്ങാന്‍ തുടങ്ങീ
തലയണ
Tuesday, October 13, 2009
നായാട്ട്
നായാട്ടിനിറങ്ങിയ
അച്ഛന്
തിരിച്ചുവരുവാന്‍
വഴിതെറ്റി
മുയലും
മാനും
ഉടുമ്പും
കിളികളും
കാട്ടുചോലയുടെ
നനവും
സഞ്ചിയില്‍
പിടഞ്ഞു
അച്ഛന്
കാട്ടിനുളളില്‍
തലങ്ങും
വിലങ്ങും
നടന്നു.
ഒരേ അടയാളങ്ങള്‍തന്നെ
പലതവണ കണ്ട്
രാത്രിയായി
പിറ്റേന്ന് പുലര്‍ച്ചയ്ക്ക്
അച്ഛനെ പൊതിഞ്ഞെടുത്ത്
മുറ്റത്ത് നില്ക്കുന്നു
മുയലുകളും മാനുകളുമങ്ങനെ...
Friday, October 9, 2009
ഞായറാഴ്ചകളില്‍ ദൈവം
ഞായറാഴ്ചകളില്‍
ഇത്തിരി കളള് കുടിക്കാന്‍
ദൈവം എന്നോടൊപ്പം വരും
കപ്പയും
മത്തി മുളകിട്ടതും കൂട്ടി
പുളിച്ച കളള്
ഇച്ചിരി ഇച്ചിരി നുണച്ചിരിക്കും.
പുളിന്തേക്കിടും
ഷാപ്പില്
ചന്തിതേഞ്ഞ
ബെഞ്ചിലിരിപ്പുറക്കാത്ത
ആള്‍ക്കൂട്ടം
മടമ്പുകള്‍ പൊക്കി
കൈമുട്ടി
ചരിത്രം മുഴുവന്‍ ഛര്‍ദ്ദിക്കും.
ഒരു ദിവസമെങ്കിലും
മനസ്സമാധാനമുണ്ടായിരുന്നെങ്കില്
കുടിക്കില്ലായിരുന്നുവെന്ന്
ആണയിടും
ദൈവത്തോട് പുഞ്ചിരിക്കും
പോടാ പുല്ലേ എന്ന് പറയും.
ദൈവം
കണ്ണിറുക്കി
മജീദേ
രാഘവാ
ഫ്രാന്സിസേ
ഓരോരുത്തരെയും
പേരു ചൊല്ലി വിളിക്കും.
ചിലര്‍ ദൈവത്തോട്
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥയെന്താവും
സ്ത്രീ സംവരണ ബില്‍ കൊണ്ടുവരുമോ
ഒമാബ ആള് കൊള്ളാമല്ലോ
എന്നൊക്കെ വിശേഷം പറയും.
കളള് പതയും
ഓരോരുത്തരും
ദൈവം തന്റെതാണെന്ന് വാദിക്കും
വയസ്സന് ഇരുട്ടിന്റെ
ഊന്നുവടിയോടൊത്ത്
ദൈവം
ഷാപ്പിന്റെ പുറത്തു കടക്കും
ആടിയായി പോകുന്ന ദൈവത്തെ
ബീറ്റു പോലീസുകാര്‍ പിടിച്ച്
ലോക്കപ്പിലിടും
പിറ്റേന്ന് ഞാനൊറ്റയ്ക്ക്
കളളു കുടിക്കാനെത്തും
അവിടെയപ്പോള്‍
ഷാപ്പേ ഉണ്ടായിരിക്കില്ല.
Subscribe to:
Posts (Atom)