Monday, September 28, 2009

വാഗ്ദത്തഭൂമിയിലെ കാവല്‍ക്കാരാ...

വാഗ്ദത്ത ഭൂമിയിലെ കാവല്‍ക്കാരാ
നിനക്കു മുന്നില്‍ കടല്‍ കത്തുന്നൂ
അയവയങ്ങള്‍ നഷ്ടപ്പെട്ട മരങ്ങള്‍
പലായനം ചെയ്യുന്നു
ആകാശം അതിന്റെ പട്ടടയില്‍ നിന്ന്
നക്ഷത്രങ്ങളെ ദൂരേക്കെറിയുന്നു
രക്തഗന്ധം പൊതിഞ്ഞ ഇളം കാറ്റ്
നിന്നെ വട്ടം പിടിക്കുന്നു.
കുഞ്ഞുങ്ങളുടെ ശവഘോഷയാത്രയെ
മേഘങ്ങള്‍ അനുഗമിക്കുന്നു
ഭ്രാന്തിയായ ഒരു പെണ്‍കുട്ടി
തെരുവിലൂടെ കത്തിയുമായി ഓടുന്നു
അവളുടെ അടിവസ്ത്രത്തില്‍ നിന്ന്
രേതസ് പുഴുക്കളായി ഇഴഞ്ഞിറങ്ങുന്നു
നിനക്കു ചുറ്റും
കൊടികള്‍ മാത്രം ഉയര്‍ന്നു നില്‍ക്കുന്നു
നീ അതിലേക്ക് കാര്‍ക്കിച്ചു തുപ്പുന്നു

രണ്ട്

ഇപ്പോള്‍
കുഞ്ഞുങ്ങള്‍ കോരിയിട്ട
പൂമ്പാറ്റച്ചിറകുകള്‍
നിനക്ക് തണല്‍ വിരിക്കുന്നു
നിന്നില്‍ നിന്നും പിണങ്ങിപ്പോയ വാക്കുകള്‍
നിനക്ക് കൂട്ടുനില്‍ക്കുന്നു
മരിച്ചു പോയവരുടെ കിനാവുകള്‍
ഉറങ്ങാത്ത രാത്രികളെ താരാട്ടുപാട്ടുന്നു
പ്രണയിനികള്‍ ഉപേക്ഷിച്ച പൂവുകള്‍
നിനക്ക് കഥപറഞ്ഞുതരുന്നു
നിന്റെ കാലിലേക്ക് ആരോ ഒരു മഞ്ഞുതുള്ളി
എറിയുന്നു.
നീയതിനെ മൂത്രം കൊണ്ട് കഴുകുന്നു

മൂന്ന്

കറുത്ത തെരുവുകള്‍
കറുത്ത മനുഷ്യര്‍
കറുത്ത മഴ

വാഗ്ദത്ത ഭൂമിയിലെ കാവല്‍ക്കാരാ
ഇതെന്റെ ഭൂമി
ഇതെന്റെ ആകാശം
ഇതെന്റെ കടല്‍
ഞാന്‍ നിന്നെ
ഒരൊറ്റച്ചവിട്ടിന് പുറത്താക്കുന്നു

ഇനി
നിനക്ക് ഏതുദൈവം
പതിച്ചുതരും ഒരു കാനാന്‍ദേശം
നിനക്കല്ലെങ്കില്‍
നിന്റെ പൂത്രന്‍മാര്‍ക്കെങ്കിലും?

4 comments:

അബ്ദുല്‍ സലാം said...

ഇനി
നിനക്ക് ഏതുദൈവം
പതിച്ചുതരും ഒരു കാനാന്‍ദേശം
നിനക്കല്ലെങ്കില്‍
നിന്റെ പൂത്രന്‍മാര്‍ക്കെങ്കിലും?

Unknown said...

logavasaanaaaammmm

‍ശരീഫ് സാഗര്‍ said...

ഇപ്പോള്‍ ഏത്‌ ബൂലോകത്താണാവോ?
നിന്റെ ഫോണ്‍ നമ്പര്‍ ഒന്ന്‌ തരാവോ?

J Binduraj said...

"Aya"vayangal ennezhuthi dayavaayee AVAYAVANGALE vedhanippikkaruthu :)