Wednesday, November 18, 2009

റീത്ത്

ജനലിനപ്പുറം
ആകാശത്ത് തെളിയുന്നത്
കലാപത്തിൽ
മരിച്ചവരുടെ മുഖങ്ങളാണ്

ഇറയത്ത്
മഴയായ് തുള്ളുന്നത്
പൂർത്തീകരിക്കപ്പെടാതെ പോയ
അവരുടെ സ്വപ്നങ്ങളാണ്

ഞാൻ
കുരിശുകാലത്തിന്റെ
മാപ്പുസാക്ഷി
കൈകൾ ഛേദിക്കപ്പെട്ട
പെണ്ണിന്റെ ദുഖം
എന്നെ സദാ പിന്തുടരുന്നു.

നിലവിളികളില്ലാത്ത ഒരു രാത്രിയും
ചോര മണക്കാത്ത തെരുവുകളും
ഞാൻ കിനാവു കാണുന്നു

ഓരോ ദുരന്തം കേൾക്കുമ്പോഴും
ജീവിതം മരണത്തേക്കാൾ
ഭയാനകമെന്ന്
അമ്മ പറയും
പെങ്ങൾക്ക്, ചെടികൾക്ക്
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ
പേരുകൾ നൽകും.

കുന്തിരിക്കം പുകയുന്ന
അവരുടെ സ്വപ്നങ്ങൾക്കിടയിൽ
വാറു പൊട്ടിയ ചെരിപ്പായി
ഞാനിരിക്കും.

പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു.


9 comments:

അബ്ദുല്‍ സലാം said...

പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു.

നന്ദന said...

ആധുനികം ....ഉത്തരാധുനികം ....
കാലത്തെ ഉള്‍കൊള്ളുന്ന കവിത
മനുഷ്യന് സുഗന്ദം നല്‍കേണ്ട പൂവുകള്‍ റീത്തായി വരുന്നു
മാതാപിതാക്കള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട മക്കള്‍
കലാപം വിതക്കുന്നു .....വരികള്‍ക്കിടയിലൂടെ
നന്‍മകള്‍ നേരുന്നു
നന്ദന

Viju V V said...

വരട്ടെ ഇനിയും. പിന്നെ പ്രൊഫൈലില്‍ കൊച്ചുബാവയെ തിരിച്ചുതരണം. സായിബാബയാക്കരുത്‌.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആ റീത്തിലെ പൂവുകളുടെ നിറവും , സുഗന്ധവും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു ... രക്തസാക്ഷിയുടെ പരിവേഷവും ..

ചാപിള്ളകളെ പ്രസവിക്കാഞ്ഞതില്‍ ഗര്‍ഭപാത്രമേ നീ വ്യസനിച്ചേക്കാം ..

രാജേഷ്‌ ചിത്തിര said...

പൊട്ടിയ സൈക്കിള്‍ ടയറുകളില്‍
അലങ്കരിക്കപെട്ടു ഒരു തെരുവിന്റെ
ദുര്‍ഗന്ധം പോലെയാക്കാപെട്ടിട്ടുണ്ടാവും
ആ പൂക്കളുടെ മരണ ഗന്ധം ....
നന്നായി ചങ്ങാതി

ഏറുമാടം മാസിക said...

പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു

njaanum

son of dust said...

എല്ലാ റീത്തുകളും ഒരു വസന്തത്തിൽ നിന്ന് നുള്ളി പറിച്ചവയല്ലേ... പൂവിനേയും ജീവിതത്തേയും വസന്തത്തേയും അറിയാത്തവന്റെ കരവിരുതിലാവുമോ റീത്തിന്റെഭംഗി വിരിയുന്നത്

zain said...

പൂക്കള്‍ റീത്തുകള്‍ മാത്രമായി പോകുന്ന കാലം :(
നന്നായി ചങ്ങാതീ ...
ഹൃദയത്തില്‍ തട്ടി പറഞ്ഞിരിക്കുന്നു .

Neographer said...

പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു.